У вашего броузера проблема в совместимости с HTML5
കേരളത്തിന് അത്ര സുപരിചിതമല്ലാത്ത കറുത്ത നെല്ല് കൃഷി ചെയ്യുകയാണ് തൊടുപുഴ മുതലക്കോടം സ്വദേശി സണ്ണി മാത്യു. നാടന്‍ നെല്ലിനങ്ങളോട് പ്രത്യേക മമതയുള്ള സണ്ണി മുന്‍കാലങ്ങളില്‍ നശിച്ചുകൊണ്ടിരുന്ന പഴയ കാല വിത്തുകള്‍ കണ്ടെത്തി കൃഷി ചെയ്തിരുന്നു. ഹൈദരബാദിലെ ഒരു ശാസ്ത്രജ്ഞനായ സുഹൃത്ത് അയച്ചു നല്‍കിയ അസമിലെ ടിന്‍സുക്കിയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള കറുത്ത ഒരു കിലോ നെല്‍ വിത്ത് സ്വന്തം പാടത്ത് പരീക്ഷിക്കുമ്പോഴും മികച്ച വിളവ് ലഭിക്കുമെന്ന് സണ്ണി പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ നെല്‍കൃഷിയുടെ രീതികള്‍ തന്നെയാണ് കറുത്ത നെല്ലിനും പരീക്ഷിച്ചത്. മറ്റ് പാടങ്ങളില്‍ കറുത്ത നെല്ലിനൊപ്പം വിതച്ച നാടന്‍ നെല്ലിനങ്ങള്‍ 100 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമായി. കറുത്ത നെല്ല് പാകമാകാന്‍ 120 ദിവസം വേണമെന്നാണ് അനുഭവപാഠം. വിളഞ്ഞ നെല്ലിന് കറുത്ത നിറമാണ്. ഉമിക്കും തവിടിനും നിറം കറുപ്പ് തന്നെ. ഒരു കിലോ വിത്തില്‍ നിന്ന് 100 കിലോ നെല്ല് ലഭിക്കുമെന്നാണ് സണ്ണിയുടെ കണക്ക് കൂട്ടല്‍. കാന്‍സറിനെ പ്രതിരോധിക്കാനും, ജീവിതശൈലി രോഗങ്ങള്‍ക്കും തൈറോയിഡ് പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയായും കറുത്ത നെല്ലിനെ കാണുന്നവരുണ്ട്.